ഈ സ്വപ്ന മൈതാനം ഇനി ഞങ്ങൾക്ക് സ്വന്തം --- ഈ കുറിപ്പ് ഹൃദയത്തിൽ നിന്നാണ്.... ഞങ്ങളിന്നലെ ഒരു ഗ്രൗണ്ട് വാങ്ങി --- സ്വന്തമായി ഒരു മൈതാനമില്ലാത്തതിൻ്റെ പ്രയാസം എത്രയെന്ന് ആ നാട്ടിലെ യുവ തലമുറയ്ക്കല്ലാതെ മറ്റാർക്കും പെട്ടെന്ന് മനസ്സിലാവില്ല അതു പോലെ അത് ലഭിക്കുമ്പോഴുള്ള മധുരം എത്രയെന്നതും... കൃത്യം 12 മാസങ്ങള്‍ക്ക് മുമ്പ് പുറ്റമണ്ണയിലെ യുവാക്കളും കുട്ടികളുമടങ്ങുന്ന ആ ചെറു സംഘം ഒരു ഇരിപ്പ് ഇരുന്നിട്ടുണ്ട്, രക്ഷാധികാരി ബൈജു എന്ന സിനിമയിലെ ക്ലൈമാക്‌സ് പോലെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട അവസാനത്തെ ഇടവും കൺമുന്നിൽ നഷ്ടപ്പെട്ട വേദനയിലുള്ള അതേ ഇരിപ്പ്. പതിറ്റാണ്ടുകളോളം ഗ്രൗണ്ടുകളായി ഉപയോഗിച്ച് പോന്നിരുന്ന കളിസ്ഥലങ്ങൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. വൈകുന്നേരങ്ങളില്‍ ഒരുമിച്ചിരുന്ന് തങ്ങളുണ്ടാക്കിയ ഐക്യവും സ്‌നേഹവും വീറും വെല്ലുവിളികളും എല്ലാം അപകടത്തിലാണ്. മനസ്സിൽ മൈതാന ഓർമ്മകൾ തീവണ്ടി ബോഗികൾ പോലെ പല വേഗത്തിൽ മിന്നിക്കൊണ്ടിരുന്നു, സ്വന്തമായി പത്രങ്ങൾ പോലും ഇറക്കിയിരുന്ന പി.പി.എൽ സീസണുകൾ... ആഘോഷമായി നടത്തിയ ക്ലബ്ബ...