ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

 

              

ഈ സ്വപ്ന മൈതാനം ഇനി ഞങ്ങൾക്ക് സ്വന്തം


--- ഈ കുറിപ്പ് ഹൃദയത്തിൽ നിന്നാണ്.... ഞങ്ങളിന്നലെ ഒരു ഗ്രൗണ്ട് വാങ്ങി ---


സ്വന്തമായി ഒരു മൈതാനമില്ലാത്തതിൻ്റെ പ്രയാസം എത്രയെന്ന് ആ നാട്ടിലെ യുവ തലമുറയ്ക്കല്ലാതെ മറ്റാർക്കും പെട്ടെന്ന് മനസ്സിലാവില്ല അതു പോലെ അത് ലഭിക്കുമ്പോഴുള്ള മധുരം എത്രയെന്നതും... 


കൃത്യം 12 മാസങ്ങള്‍ക്ക് മുമ്പ് പുറ്റമണ്ണയിലെ യുവാക്കളും കുട്ടികളുമടങ്ങുന്ന ആ ചെറു സംഘം ഒരു ഇരിപ്പ് ഇരുന്നിട്ടുണ്ട്, രക്ഷാധികാരി ബൈജു എന്ന സിനിമയിലെ ക്ലൈമാക്‌സ് പോലെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട അവസാനത്തെ ഇടവും കൺമുന്നിൽ നഷ്ടപ്പെട്ട വേദനയിലുള്ള അതേ ഇരിപ്പ്. പതിറ്റാണ്ടുകളോളം ഗ്രൗണ്ടുകളായി ഉപയോഗിച്ച് പോന്നിരുന്ന കളിസ്ഥലങ്ങൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. വൈകുന്നേരങ്ങളില്‍ ഒരുമിച്ചിരുന്ന് തങ്ങളുണ്ടാക്കിയ ഐക്യവും സ്‌നേഹവും വീറും വെല്ലുവിളികളും എല്ലാം അപകടത്തിലാണ്. 


മനസ്സിൽ മൈതാന ഓർമ്മകൾ തീവണ്ടി ബോഗികൾ പോലെ പല വേഗത്തിൽ മിന്നിക്കൊണ്ടിരുന്നു, സ്വന്തമായി പത്രങ്ങൾ പോലും ഇറക്കിയിരുന്ന  പി.പി.എൽ സീസണുകൾ... ആഘോഷമായി നടത്തിയ  ക്ലബ്ബ് വാർഷികങ്ങൾ... ബൂട്ട്കെട്ടുന്ന 'ലോക മഹായുദ്ധങ്ങൾ' ഇണങ്ങിയും പിണങ്ങിയും തല്ലിയും തലോടിയും ചളിയും സ്റ്റാൻ്റേഡും ഗ്യാസും ഗോസിപ്പും എല്ലാം നിലച്ചിരിക്കുന്നു... യുവാക്കളെല്ലാം ലെയ്സഴിഞ്ഞ ബുട്ട് പോലെയായി..


ഇനിയെങ്കിലും സ്വന്തമായി ഒരു മൈതാനമില്ലെങ്കില്‍ നമ്മളെന്ത് ചെയ്യും?,  ഈ നാട്ടിലെ പുതിയ തലമുറ എന്ത് ചെയ്യും?, ചോദ്യങ്ങളുടെ അലട്ടല്‍ പതുക്കെ ഉറച്ച ഉത്തരമായി മാറി, നമ്മള്‍ ഒരു ഗ്രൗണ്ട് സ്വന്തമാക്കണം, സ്വന്തമാക്കും..


കൊവിഡ് ലോകമാകെ നട്ടംതിരിയുന്ന ഈ സമയത്ത് എങ്ങിനെ ഇത് യാഥാര്‍ത്യമാകുമെന്ന ആശങ്കയായിരുന്നു എല്ലാവരിലും. പലവിധ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ സ്ഥലം കണ്ടെത്തി. 72 സെന്റ് ഭൂമി. വില പറഞ്ഞുറപ്പിച്ച് പാര്‍ട്ടിക്ക് കയ്യിലുള്ള 5001 അഡ്വാന്‍സും കൊടുത്തു, 'അത്ര ഉറപ്പില്ലാത്ത' ഒരു വര്‍ഷം കാലാവധിയും വാങ്ങി. 


വ്യക്തമായ ഒരു പ്ലാനോ പദ്ധതിയോ ഇല്ല. വളരെ ചെറിയ നാടാണ്, ലക്ഷങ്ങള്‍ ഒരുപാട് കണ്ടെത്തണം, കൈയ്യയച്ച് സഹായിക്കുന്ന പ്രവാസികളും ദുരിതത്തിലാണ്. പ്രശ്‌നം മതപരമോ രാഷ്ട്രീയപരമോ അല്ലാത്തതിനാല്‍ ഫണ്ട് ലഭ്യത പ്രയാസവുമാണ്. പക്ഷേ നിശ്ചയദാര്‍ഢ്യം തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല.


ആദ്യം രഹസ്യമായി ജനല്‍ബോഡി ചേര്‍ന്നു, നാട്ടിലെ പൗരപ്രമുഖരെ ഒരുമിച്ചിരുത്തി ആവശ്യത്തിന്റെ പ്രസക്തി അവതരിപ്പിച്ച് പിന്തുണ ഉറപ്പാക്കി, പുതിയ കാലത്തെ ജീവിത ശൈലി രോഗങ്ങൾക്കടിമപ്പെടുന്ന സാഹചര്യവും മാനസികാരോഗ്യവും ശാരീരികാരോഗ്യവും തമ്മിലുള്ള ബന്ധവും ആരോഗ്യമുള്ള തലമുറയുടെ ആവശ്യകതയും പ്രചരിപ്പിച്ചു.. 


മുപ്പതിലധികം മാസ്‌കിട്ട രഹസ്യ

യോഗങ്ങള്‍, അഭിപ്രായങ്ങള്‍...അഭിപ്രായവ്യത്യാസങ്ങള്‍... നയതന്ത്രങ്ങള്‍...മുടന്തിയാണെങ്കിലും പതുക്കെ പതുക്കെ ചെറിയ ഫണ്ടുകള്‍ വന്നു തുടങ്ങി, കുട്ടികള്‍ തൊണ്ടുകള്‍ പൊട്ടിച്ച് പണം നല്‍കി, യുവാക്കള്‍ ആക്രിപെറുക്കി, വീട്ടമ്മമാർ പലവിധത്തിൽ സഹായിച്ചു, പ്രവാസികള്‍ അറബി നാട്ടില്‍ കൂടുതല്‍ കടക്കാരായി. മാസഗഡുക്കളായി അഞ്ഞൂറുകളും ആയിരങ്ങളും വന്നു.

കാര്യം നടക്കുമെന്നായി. പ്രതീക്ഷകൾക്ക് ജീവനായി.


പന്ത്രണ്ട് മാസങ്ങൾക്കിപ്പുറം കഴിഞ്ഞ ദിവസം രാവിലെ 11.50ന് വണ്ടൂര്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ നിറകണ്ണുകളോടെ കമ്മിറ്റി അംഗങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ചു. അവിശ്വസനീയമായ പോരാട്ടം വിജയിച്ചതിന്റെ, വാക്കുകളില്ലാത്ത സൗഹൃദത്തിന്റെ ആനന്ദം. ദുരന്തകാലത്തും ഒരു സ്വപ്‌നത്തിന് നാട് നല്‍കിയ പിന്തുണ ചരിത്രമായി മാറി.


ഇതിനിലെ ഞങ്ങളുടെ സ്വപ്നങ്ങളും വലുതായി.. മൈതാനം നിലം വിട്ട് പറന്നു.. PFC സ്പോർട്സ് & കൾച്ചറൽ സിറ്റിയായിമാറി..

ഫുട്ബോൾ മൈതാനം, വോളിബോൾ കോർട്ട്, ഷട്ടിൽ കോർട്ട്, നീന്തൽകുളം, പൊതു വായനശാല, ഓപൺ സ്‌റ്റേജ്, ഫിറ്റ്നസ് സെന്റർ, വയോജന സൗഹൃദ കേന്ദ്രം അങ്ങനെ സ്വപ്നങ്ങൾ ഒരുപാട് വിരിച്ചിട്ടിട്ടുണ്ട്... ഒരു നാൾ ഞങ്ങളത് നേടുക തന്നെ ചെയ്യും.


ഡോ. പി.കെ മുസ്തഫ ഹാജി,ചോലശ്ശേരി ശറഫുദ്ദീൻ, കരിപ്പായി കുട്ടിമാൻ, ആനപ്പട്ടത്ത് കുഞ്ഞാപ്പ, എറമ്പത്ത് കരീം, പഴേടത്ത് അസൈനാർ തുടങ്ങിയവർ പദ്ധതിയുടെ ഉപദേശക സമിതി അംഗങ്ങളായിരുന്നു.

    PFC ക്ളബ്ബ് സെക്രട്ടറി

സൽമാൻ പി, പ്രസിഡന്റ് സയ്യിദ് നൗഫൽ,  എക്സിക്യുട്ടീവ് കമ്മറ്റി കൺവീനർ ഫിറോസ് പി, ട്രഷറർ മനാഫ് കെ.ടി, അംഗങ്ങളായ ആഷിഖ് മാട്ടറ, നൗഫൽ പട്ടാണി, ഫസിൽ വി.പി, അൻഫാസ് ടി.സി, അമാനു, ഹൈദരലി കെ.ടി, സിനു എ.പി, ഫൈസൽ പുല്ലാണി, റമീസ് പഴേടത്ത്, ആസാദ് കെ.ടി, കരുവത്തിൽ കുഞ്ഞിപ്പ തുടങ്ങിയവർ പദ്ധതിയുടെ ചരിത്ര പങ്കാളികളായി.


ഞങ്ങൾക്കിനി സമാധാനമായി കളിക്കാം, ഏത് സമയവും മൈതാനിയിൽ നിന്നും കയറ്റിവിടുമെന്ന ഭയമില്ലാതെ. കാരണം ഈ ഭൂമിയും അതിൻ്റെ ആകാശവും ഇനി ഞങ്ങളുടേതാണ് ഞങ്ങളുടേത് മാത്രം...


     n   ❣️PFC

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വുഹാനിൽ നിന്നും ജീവിതത്തിലേക്കുള്ള ദൂരം

വുഹാനിൽ നിന്നും ജീവിതത്തിലേക്കുള്ള ദൂരം; ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ കൊവിഡ് അനുഭവങ്ങൾ  ✍️Sayyid Noufal.               22/03/20 2019 ഡിസംബറിന്റെ അവസാന ദിനങ്ങൾ, എല്ലാവരും വെക്കേഷൻ മൂഡിലായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഭൂരിപക്ഷം വിദ്യാർത്ഥികളും ടിക്കറ്റെടുത്ത് കാത്തു നിൽക്കുന്ന സമയം, ഇതിനിടെയാണ് ആദ്യ കോവിഡ് കേസ് വുഹാനിൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഞങ്ങളത് അത്ര കാര്യമായി എടുത്തിരുന്നില്ല. ഒരു സാധാരണ തരം ന്യൂ മോണിയ എന്ന് മാത്രമായിരുന്നു ഞങ്ങൾക്ക് കൊവിഡിനെ കുറിച്ചുള്ള അറിവ്. ഡിസംബർ അവസാനത്തോടെ ഏതാണ്ട് കുട്ടികളൊക്കെ നാട്ടിലേക്ക് പോയിട്ടുണ്ടായിരുന്നു. എന്നാൽ ഞാനടക്കം 27 വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങിയില്ല. അവധിക്കാലം ചൈന ചുറ്റിക്കാണാമെന്നായിരുന്നു പ്ലാൻ. ജനുവരി ഒന്നുമുതലാണ്  ഞങ്ങളുടെ വെക്കേഷൻ അവധി തുടങ്ങുന്നതെങ്കിലും ക്രിസ്മസ് ആഘോഷിക്കാനാണ് ഭൂരിപക്ഷം പേരും നാട്ടിലേക്ക് മടങ്ങിയത്. ദിവസങ്ങൾക്കകം അന്തരീക്ഷം മാറി മറിയുകയായിരുന്നു.  കോവിഡിനെ കുറിച്ചുള്ള വാർത്തകൾ ചൈനീസ് പത്രങ്ങളിൽ നിറയാൻ തുടങ്ങി. ജനുവരി 15 കഴിഞ്ഞതോടെ ആസന്നമായ ദുരന്തം എത്രത്തോ...