ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വുഹാനിൽ നിന്നും ജീവിതത്തിലേക്കുള്ള ദൂരം

വുഹാനിൽ നിന്നും ജീവിതത്തിലേക്കുള്ള ദൂരം;

ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ കൊവിഡ് അനുഭവങ്ങൾ 

✍️Sayyid Noufal.               22/03/20

2019 ഡിസംബറിന്റെ അവസാന ദിനങ്ങൾ, എല്ലാവരും വെക്കേഷൻ മൂഡിലായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഭൂരിപക്ഷം വിദ്യാർത്ഥികളും ടിക്കറ്റെടുത്ത് കാത്തു നിൽക്കുന്ന സമയം, ഇതിനിടെയാണ് ആദ്യ കോവിഡ് കേസ് വുഹാനിൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഞങ്ങളത് അത്ര കാര്യമായി എടുത്തിരുന്നില്ല. ഒരു സാധാരണ തരം ന്യൂ മോണിയ എന്ന് മാത്രമായിരുന്നു ഞങ്ങൾക്ക് കൊവിഡിനെ കുറിച്ചുള്ള അറിവ്. ഡിസംബർ അവസാനത്തോടെ ഏതാണ്ട് കുട്ടികളൊക്കെ നാട്ടിലേക്ക് പോയിട്ടുണ്ടായിരുന്നു. എന്നാൽ ഞാനടക്കം 27 വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങിയില്ല. അവധിക്കാലം ചൈന ചുറ്റിക്കാണാമെന്നായിരുന്നു പ്ലാൻ. ജനുവരി ഒന്നുമുതലാണ്  ഞങ്ങളുടെ വെക്കേഷൻ അവധി തുടങ്ങുന്നതെങ്കിലും ക്രിസ്മസ് ആഘോഷിക്കാനാണ് ഭൂരിപക്ഷം പേരും നാട്ടിലേക്ക് മടങ്ങിയത്.

ദിവസങ്ങൾക്കകം അന്തരീക്ഷം മാറി മറിയുകയായിരുന്നു.  കോവിഡിനെ കുറിച്ചുള്ള വാർത്തകൾ ചൈനീസ് പത്രങ്ങളിൽ നിറയാൻ തുടങ്ങി. ജനുവരി 15 കഴിഞ്ഞതോടെ ആസന്നമായ ദുരന്തം എത്രത്തോളം അടുത്താണെന്ന സത്യം ഞങ്ങളെ വേട്ടയാടാൻ തുടങ്ങി. വൈകാതെ വുഹാനിൽ നിന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വൈറസിന്റെ സ്വഭാവവും അത് പകരുന്ന രീതിയും ഉറക്കം നഷ്ടപ്പെടുത്തി. തൊട്ടടുത്ത വാണിജ്യകേന്ദ്രമായ വുഹാനാണ് വൈറസിന്റെ പ്രഭവകേന്ദ്രമെന്നതായിരുന്നു

കൊടുംതണുപ്പിലും ഞങ്ങളെ അസ്വസ്ഥരാക്കിക്കൊണ്ടിരുന്നത്.ഇതിനിടെ ഇടിത്തീ പോലെയാണ് ആ വാർത്ത വന്നത് ഞങ്ങളുടെ പ്രധാന ആശ്രയമായ വുഹാൻ എയർപോർട്ട് അടക്കാൻ പോകുന്നു. പിന്നാലെ എയർപോർട്ട് അടച്ചുവെന്ന വിവരം ലഭിച്ചു. ഇനി മറ്റൊരു പ്രൊവിൻസിലൂടെ മാത്രമേ പുറത്തേക്ക് കടക്കാൻ കഴിയൂ.

അതത്ര എളുപ്പമല്ല,  ഞങ്ങളുടെ പ്രൊവിൻസ് തന്നെ ഒരുതരം ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു എന്ന യാഥാർത്ഥ്യം അപ്പോൾ മാത്രമാണ് ഞങ്ങൾ അറിയുന്നത്.

എല്ലാ വഴികളും അടഞ്ഞതോടെ ജനുവരി 24 മുതൽ ഇന്ത്യൻ എംബസിയിൽ നിരന്തരം ബന്ധപ്പെടാൻ തുടങ്ങി, അവർ പോസിറ്റീവ് ആയാണ് പ്രതികരിച്ചത്. തുടർന്ന് 28ന് എംബസിയിൽ നിന്നും അറിയിപ്പ് ലഭിച്ചു,ചൈനീസ് അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ ഒരു ഇവാക്വോഷൻ (ഒഴിപ്പിക്കൽ) സംവിധാനം ഏർപ്പെടുത്താമെന്നും അവർ ഉറപ്പുനൽകി. അങ്ങനെ ജനുവരി 28ന് മുംബൈയിൽ നിന്നും എയർ ഇന്ത്യ വിമാനം വരുന്നുണ്ടെന്ന ആശ്വാസ വാർത്ത കേട്ടു, പക്ഷേ കാത്തിരിപ്പ് മാത്രമായിരുന്നു ഫലം. വിമാനം എത്താൻ വൈകുമെന്നും ഇതുവരെ അനുമതി ലഭിച്ചില്ലെന്നും ചിലർ പറയുന്നുണ്ടായിരുന്നു. കടുത്ത നിരാശയും ഭയവും ഞങ്ങളെ വേട്ടയാടാൻ തുടങ്ങി. 

രണ്ട് രാപ്പകലുകളുടെ  ദീർഘമായ കാത്തിരിപ്പിനുശേഷം ജനുവരി 31ന് വെള്ളിയാഴ്ച ആദ്യ വിമാനമെത്തിയെന്ന വിവരം ലഭിച്ചു. രാത്രി 8 മണിക്ക് ഞങ്ങൾ യൂണിവേഴ്സിറ്റിയിൽ നിന്നും എയർപോർട്ടിലേക്ക് തിരിച്ചു 12 മണിയോടെയാണ്  അവിടെ എത്തിയത്. വഴിയിൽ പലയിടത്തും ശരീരഭാഗങ്ങൾ പുറത്ത് കാണാത്ത വെള്ളവസ്ത്രധാരികൾ ഞങ്ങളെ  ചെക്കപ്പ് ചെയ്തു കൊണ്ടിരിന്നു. അവസാനം എയർപോർട്ടിന്റെ മുന്നിലെത്തി അവിടെ ഇലക്ട്രിക് തെർമോമീറ്റർ മുഖേനയാണ് എല്ലാവരെയും ചെക്ക് ചെയ്തുകൊണ്ടിരുന്നത്.

അകത്തേക്ക് കയറി എമിഗ്രേഷൻ കഴിഞ്ഞപ്പോഴാണ് തെർമൽ സ്ക്രീനിങ് എന്ന അടുത്ത കടമ്പയെ പറ്റി അറിഞ്ഞത്. ഞങ്ങൾ പല സംഘങ്ങളായി വരിയിൽ നിന്നു. ഇതിനിടെ ഭയപ്പെടുത്തുന്ന ഒരു കാഴ്ച കണ്ടു,തെർമൽ സ്ക്രീനിങ്ങിൽ നോർമൽ ബോഡി ടെമ്പറേച്ചർ (സാധാരണ ശരീര ഊഷ്മാവ്) ആയ 37 ഡിഗ്രിയുടെ മുകളിലുള്ളവരെ അവിടെ നിന്നും മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് അയക്കുകയും അവിടെ നടക്കുന്ന മെർക്കുറി തെർമോമീറ്റർ എന്ന അവസാന പരീക്ഷ പാസാവുകയും വേണം. 37 ഡിഗ്രിക്ക് മുകളിലുള്ള രണ്ടു മൂന്നു ആളുകൾ എന്റെ മുന്നിലൂടെ കടന്നു പോയി, എന്റെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു വരിയിലെ അവസാനക്കാരനായ ഞാനും ഡോക്ടറുടെ മുന്നിലെത്തി,   മീറ്ററിൽ   37.6 എന്ന് തെളിഞ്ഞു. ദൈന്യതയോടെ ഡോക്ടറെ നോക്കി. ഡോക്ടറുമായി മാന്യമായ വാക്കേറ്റം നടന്നു പക്ഷേ അയാൾ തീർത്തു പറഞ്ഞു നിനക്ക് പോകാൻ കഴിയില്ലെന്ന്. ഭയം ഒന്നുകൊണ്ട് മാത്രമായിരുന്നു എന്റെ ടെമ്പറേച്ചർ കൂടിയത് എന്ന് എനിക്ക് മാത്രമേ അറിയൂ.

അങ്ങനെ 464 മനുഷ്യരുമായി എയർ ഇന്ത്യൻ വിമാനം തകർന്നുപോയ ആറു മനുഷ്യർക്ക് മുകളിലൂടെ ഉയർന്നു പൊങ്ങി.  വിജനമായ വിമാനത്താവളത്തിലെ ഒരു കസേരയിൽ ഇരുന്ന് ഒരുപാട് കരഞ്ഞു. അവിടെ നിന്നും പരിചയപ്പെട്ട കശ്മീരി വിദ്യാർത്ഥി മൻസൂറുമായി ദുഃഖം പങ്കിട്ടു. തന്റെ സംസ്ഥാനം തന്നെ തടങ്കലിലാണെങ്കിലും വീട്ടുകാരുടെ അടുത്തെത്താൻ അവനും അതിയായി ആഗ്രഹിക്കുന്നുണ്ട്. ഞങ്ങൾ സംസാരിച്ച് കൊണ്ടിരിക്കെ വെള്ള വസ്ത്രക്കാർ അടുത്തേക്ക് വന്നു. ഞങ്ങളുടെ വായിലെ സ്രവം എടുത്തു കൊണ്ടുപോയി വൈകാതെ അറിയിപ്പ് ലഭിച്ചു "ആംബുലൻസ് ഇപ്പോൾ വരും തയ്യാറായി നിൽക്കുക" എന്റെ ജീവൻ പകുതിയായി. - കൊറോണ സ്ഥിരീകരിച്ചിരിക്കുമോ! തലചുറ്റുന്ന പോലെ.. കുറച്ചു സമയം കസേരയിൽ പോയി ഇരുന്നു. ഉച്ചക്ക് മാത്രം ഭക്ഷണം കഴിച്ചിട്ടുള്ള എന്നിൽ വിശപ്പ് എന്ന വികാരം മരിച്ചു പോയിരുന്നു.

അൽപസമയത്തിനകം  തീരുമാനം വന്നു ഞങ്ങളെ യൂണിവേഴ്സിറ്റിയിൽ തന്നെ ക്വാറന്റെയ്ൻ (മെഡിക്കൽ ആവശ്യത്തിനുള്ള ഏകാന്ത നിരീക്ഷണം) ചെയ്യാനാണ് പദ്ധതി. എന്റെ യൂണിവേഴ്സിറ്റി രണ്ടു മണിക്കൂർ ദൂരെയായിരുന്നു.

സൗഹൃദത്തിന്റെ പുറത്ത് കശ്മീരിയുടെ കൂടെ അവന്റെ യൂണിവേഴ്സിറ്റിയിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചു.  അവന്റെ യൂണിവേഴ്സിറ്റിയിലേക്ക് എയർപോർട്ടിൽ നിന്നും അര മണിക്കൂർ ദൂരം മാത്രമായിരുന്നു. 

രാത്രി 1.30ന് എയർപോർട്ടിൽ നിന്നും തിരിച്ചിറങ്ങി. പോകുന്ന വഴിക്ക് മൻസൂർ പറഞ്ഞു നാളെ രണ്ടാം  ഫ്ലൈറ്റ് വരും നമുക്കൊരുമിച്ചു പോകാം അവന്റെ കണ്ണുകളിൽ ഇനിയും പ്രതീക്ഷയുണ്ട്. തണുപ്പുള്ള രാത്രിയാണ് വഴിയിൽ ചെക്കപ്പുകൾ തുടർന്നു കൊണ്ടിരുന്നു, രണ്ട് മണിയോടെ മൻസൂറിന്റെ ക്യാമ്പസ് ഗേറ്റിൽ ഞങ്ങളെത്തി. സെക്യൂരിറ്റി പറഞ്ഞു അകത്തു കയറ്റാൻ പറ്റില്ല. മെഡിക്കൽ ടീം അധികൃതരുമായി സംസാരിച്ചു. ഏതാണ്ട് നാല് മണി കഴിഞ്ഞാണ്  പ്രവേശനം ലഭിച്ചത്. മൻസൂറിന്റെ കൂടെ അകത്തേക്ക് കയറുമ്പോൾ സെക്യൂരിറ്റി ധൃതിയിൽ വന്ന് വിരൽ ചൂണ്ടി എനിക്കുള്ള റൂം കാണിച്ചു തന്നു. ഒറ്റപ്പെട്ട  പേടിപ്പെടുത്തുന്ന ഒരു മുഷിഞ്ഞ മുറി. ഉറക്കം വന്നില്ല, നാളെ പോകുന്നതിനെക്കുറിച്ചോർത്ത് ആശങ്കയോടെ പുറത്തേക്ക് നോക്കി ജനലിനടുത്ത് നിന്ന് വെളുപ്പിച്ചു.

ഫെബ്രുവരി ഒന്നാം തീയതി രാവിലെ മൻസൂറിന്റെ  ചങ്ങാതിമാർ കുറച്ചു ഭക്ഷണം നൽകി അത് കഴിച്ചോ എന്നറിയില്ല. ഉച്ചയോടെ എംബസിയിൽ നിന്നും വിളി വന്നു നിങ്ങൾക്ക് രണ്ടാം വിമാനത്തിലും പോകാൻ കഴിയില്ല. 14 ദിവസത്തെ ക്വാറന്റൈൻ പിരീഡ് കഴിയാതെ പുറത്തിറങ്ങാൻ കഴിയില്ലെന്ന് ചൈനീസ് സർക്കാർ പറഞ്ഞിട്ടുണ്ടെന്ന്. പ്രത്യേകിച്ച് വികാരങ്ങളില്ലാതെ  കുറെ സമയം പുറത്തേക്ക് നോക്കി വെറുതെ ഇരുന്നു. പിന്നീട് എന്റെ സ്വന്തം യൂണിവേഴ്സിറ്റിയിലെ അധ്യാപകർ വിളിച്ചു. ഫെബ്രുവരി രണ്ടിന് യൂണിവേഴ്സിറ്റിയിലേക്ക് പുറപ്പെട്ടു രണ്ട് ഇന്തോനേഷ്യക്കാരും കൂടെയുണ്ട്. ഞങ്ങൾക്ക് മൂന്നു പേർക്കായി മൂന്നു റൂമുകൾ അവിടെ പ്രത്യേകം തയ്യാറാക്കിയിരുന്നു. വർഷങ്ങളുടെ ദൈർഘ്യമുണ്ടായിരുന്ന ആ 14 വിരസദിനങ്ങളിൽ പലപ്പോഴും മരണ സ്വപ്നങ്ങൾ ഇടവേളകളില്ലാതെ എത്തി. നീണ്ടു-നിരയായി കിടത്തിയിരിക്കുന്ന ജഡങ്ങൾ, വിലാപയാത്രകളില്ലാത്ത സംസ്കാരങ്ങൾ, മീസാൻ കല്ലുകളില്ലാത്ത ഖബറിടങ്ങൾ, ഞെട്ടി എഴുന്നേൽക്കുന്ന തണുത്ത രാത്രികൾ. 

പലപ്പോഴും ഭക്ഷണം പോലും കൃത്യമായി ലഭിച്ചിരുന്നില്ല. പുറത്തു ഭക്ഷണം വച്ച് വാതിലിൽ മുട്ടി വിവരമറിയിക്കും ഉടനെ അവർ ഭയത്തോടെ പിന്മാറും.അങ്ങനെ നീണ്ട രണ്ടാഴ്ച കടന്നു പോയപ്പോൾ ഡോക്ടർ വന്ന് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 15ന് യൂണിവേഴ്സിറ്റിയിലെ തന്നെ ഞങ്ങളുടെ യഥാർത്ഥ മുറിയിലേക്ക് മടങ്ങി. വീണ്ടും 10 ദിവസങ്ങൾ അവിടെ കഴിച്ചു കൂട്ടി. ഒരാഴ്ച കഴിഞ്ഞപ്പോൾ വിവരം ലഭിച്ചു അടുത്തയാഴ്ച ഒരു ഇവാക്വോഷൻ കൂടിയുണ്ടെന്ന്. പ്രതീക്ഷകൾ വീണ്ടും തിരിച്ചെത്താൻ തുടങ്ങി.

ക്യാന്റീനിൽ ഭക്ഷണത്തിന്റെ ലഭ്യത പരിമിതമായി വന്നു. പ്രധാനവിഭവം ചിക്കൻ ആയിരുന്നു ഇടക്ക് ചോറും ലഭിക്കും, പക്ഷേ പക്ഷിപനി കാരണം ചിക്കൻ തിന്നാൻ ആരും തയ്യാറായിരുന്നില്ല വെറുതെ ചോറു മാത്രം കഴിച്ച് വിശപ്പടക്കി.  അപ്പോഴേക്കും മൂന്നാമത്തെ ഫ്ലൈറ്റിനുള്ള ലിസ്റ്റ് തയ്യാറായതായി അറിയിപ്പ് ലഭിച്ചു എന്നാൽ സർക്കാർ അനുമതി ലഭിച്ചില്ല എന്ന വിവരവും പിന്നാലെ എത്തി. ട്രമ്പ് ഇന്ത്യയിലെത്തിയതായിരുന്നു പ്രധാനകാരണമെന്നാണ് അറിഞ്ഞത്. അങ്ങനെ ഫെബ്രുവരി 26ന് മൂന്നാം വിമാനം തയ്യാറായി. ഷാനിങ്ങിൽ നിന്നും ആർമിയുടെ വിമാനത്തിലായിരുന്നു ആ യാത്ര. ഞങ്ങൾ 112 പേരാണ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഒരു തമിഴ് വിദ്യാർഥിയും മറാത്തി വിദ്യാർഥിയുമക്കം രണ്ടു പേർ കൂടെ എയർ പോർട്ടിലേക്കുള്ള വഴിയിൽ ഞങ്ങളുടെ കൂടെ കൂടി. ചെക്കിങ് പഴയപടി തന്നെയായിരുന്നു റോഡിൽ പലയിടത്തും അത് തുടർന്നു. എയർപോർട്ടിന് മുന്നിലും പിന്നീട് അകത്തും.  മുൻ അനുഭവം ആവർത്തിക്കാതിരിക്കാൻ കുറച്ചുസമയം പുറത്ത് കാത്തിരുന്ന് ഒഫീഷ്യൽ ചെക്കപ്പിന് മുമ്പായി ഞാൻ സ്വകാര്യമായി ഒരു ചെക്കപ്പ് നടത്തി നോക്കി, യൂണിവേഴ്സിറ്റിയിൽ നിന്നും പോരുന്ന സമയത്ത് ടീച്ചേഴ്സ് നൽകിയിരുന്ന ഇലക്ട്രിക്കൽ തെർമോമീറ്റർ ഉപയോഗിച്ചായിരുന്നു പരിശോധന. 37 ഡിഗ്രി കടമ്പ കടക്കണമല്ലോ (ഭയം അത്രത്തോളം ശരീരം കാർന്ന് തിന്നിരുന്നു) - ദൈവമേ 37.4 - കയ്യിൽ കരുതിയിരുന്ന ഒന്നാം പാരസെറ്റമോൾ റൂമിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ കഴിച്ചിരുന്നു എന്നിട്ടും ഇത്ര കൂടിയത് ആശങ്കപ്പെടുത്തി. ഒന്നും ആലോചിച്ചില്ല നേരെ വാഷ് റൂമിൽ പോയി കഴിയുന്നത്ര വെള്ളം ദേഹത്തൊഴിച്ചു. തീയണച്ചാലെ രക്ഷയുള്ളൂ, ശേഷം വുളൂ എടുത്തു ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിച്ച്  രണ്ടാം പാരസെറ്റമോളും കഴിച്ചു നേരെ തെർമൽ സ്ക്രീനിംഗിലേക്ക്  ദൈവസഹായം ഒന്നുകൊണ്ടുമാത്രം രക്ഷപ്പെടുകയായിരുന്നു 36.7

സ്ക്രീനിംഗ് റൂമിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ മുമ്പത്തെ പോലെ തെർമൽ സ്ക്രീനിങ്ങിൽ പുറത്തായ പല ആളുകളും എന്നെ കടന്നുപോകുന്നത് വേദനയോടെ നോക്കി നിന്നു.

ഫ്ലൈറ്റ് വളരെ വ്യത്യസ്തമായിരുന്നു പുറകുവശം തുറക്കാൻ കഴിയുന്ന സൈനികർക്കുള്ള ആർമി ഫ്ലൈറ്റ്, അകത്തേക്ക് കയറി ജീവിതത്തിലേക്കെന്ന പോലെ യാത്രക്കാർ ഇരിക്കുന്നു.  സൈനികരും മെഡിക്കൽ ടീമും ഒപ്പമുണ്ടായിരുന്നു. നീണ്ട ഏഴ് മണിക്കൂർ യാത്ര, പരസ്പരം സംസാരിക്കാതെ, ഒന്നും കഴിക്കാതെ, കാഴ്ച്ചകളിലേക്ക് കണ്ണെറിയാത്ത യാത്ര.  ഒരാൾക്ക് മറ്റൊരാൾ കാരണമില്ലാതെ ശത്രുവാകുന്ന അവസ്ഥ. മാസ്ക് തുളച്ചും ഭയം അരിച്ചെത്തുന്നു.

ഇരുപത്തിയേഴാം തീയതി രാവിലെയാണ്  ഡൽഹിയിലെത്തിയത്. നേരെ ആർമി ബസിൽ ആംബുലൻസിന്റെ അകമ്പടിയിൽ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ ക്യാമ്പിലേക്ക്.. ഞങ്ങൾ 112 പേരിൽ ഇന്ത്യക്കാർ മാത്രമായിരുന്നില്ല ഇന്ത്യയിൽ നിന്നും കല്യാണംകഴിച്ച രണ്ട് ചൈനക്കാരും ഒരു അമേരിക്കക്കാരിയും മാലിദ്വീപിൽ നിന്നുള്ള രണ്ടുപേരും സംഘത്തിലുണ്ടായിരുന്നു.

വുഹാനിൽ നിന്നുള്ളവർക്ക് പ്രത്യേക ക്യാമ്പ് സജ്ജീകരിച്ചിരുന്നു. അഞ്ചുനില കെട്ടിടത്തിന്റെ അഞ്ചാം നിലയിലായിരുന്നു ആ ക്യാമ്പ്. അന്നുതന്നെ ഞങ്ങളുടെ വായിൽ നിന്നും മൂക്കിൽ നിന്നും ശ്രവമെടുത്ത് പരിശോധനയ്ക്കയച്ചു. രണ്ടാം ദിവസം റിസൾട്ട് വന്നു എല്ലാവർക്കും നെഗറ്റീവ് ഒരുമാസത്തിനുശേഷം ആദ്യമായി പുഞ്ചിരി എന്ന വികാരം എന്നിൽ ബാക്കിയുണ്ടെന്ന് തിരിച്ചറിഞ്ഞു. ശരീരം അപ്പോഴേക്കും ഏറെ തളർന്നു പോയിരുന്നു. വിടാതെ പിന്തുടരുന്ന ശ്രമകരമായി അടക്കിപ്പിടിച്ച് പോന്ന ചുമയും നെഞ്ചുവേദനയും ആശങ്കയായി ഒപ്പം തന്നെ ഉണ്ട്.

ക്യാമ്പിൽ രാവിലെ പൂരിയും കിഴങ്ങ് കറിയും ചപ്പാത്തിയും ലഭിച്ചുകൊണ്ടിരുന്നു.

എട്ടാം ദിവസം വീണ്ടും കാര്യങ്ങൾ മാറിമറിഞ്ഞു ഇറ്റലിയിൽ നിന്നുള്ള 25 പേരെ ഞങ്ങളുടെ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് കൊണ്ടുവന്നു. വീണ്ടും ആശങ്കയുടെ കാർമേഘങ്ങൾ ആ അഞ്ചു നില കെട്ടിടത്തിൽ നിഴലിട്ട് നിന്നു. ഇറ്റലിയിൽ കൊറോണ മാരകമായി വ്യാപിച്ചത് വാർത്തകളിൽ നിന്നും അറിഞ്ഞിരുന്നു. ആരും അവരവരുടെ നിലകളിൽ നിന്നും താഴേക്കോ മേലേക്കോ നോക്കിയില്ല. ഇറ്റലിക്കാരുടെ പരിശോധന റിപ്പോർട്ട് രണ്ട് ദിവസത്തിനകം എത്തി 25 പേരിൽ 15 പേരുടെയും റിസൾട്ട് പോസിറ്റീവ് ആയിരുന്നു. ഓരോ നിലയിലും ആളുകൾ വീണ്ടും അപരിചിതരായി കൂടുതൽ വൈകാതെ ഇറ്റലിക്കാരെ അവിടെ നിന്നു നീക്കി. ഒരാൾക്ക് ഒരു ആംബുലൻസ് എന്ന രീതിയിൽ ആയിരുന്നു അവരെ കൊണ്ടു പോയത്. ഇറ്റലിക്കാർ പോയതോടെ ഞങ്ങൾക്ക് വീണ്ടും ടെസ്റ്റ് നടത്തി, ദൈവമേ ഇറ്റലിക്കാർ ചതിച്ചിരിക്കുമോ!!  മാർച്ച് 11ന് ഫലം വന്നു ഇല്ല ഇറ്റലിക്കാർ ചതിച്ചിട്ടില്ല.ശ്വാസം വീണ്ടും സുഖമമായി.

പതിനാറാമത്തെ ദിനം അതായത് മാർച്ച് 13ന് ഞങ്ങളെ ഡിസ്ചാർജ് ചെയ്തു. രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രി വന്ന് വലിയ പ്രഖ്യാപനമുണ്ടായി, എല്ലാവർക്കും ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ നൽകി. അന്ന് തന്നെ ഡൽഹിയിൽ നിന്നും കാലിക്കറ്റിലേക്ക് തിരിക്കുകയാണ് വൈകിട്ട് അഞ്ചിനാണ് ഫ്ലൈറ്റ്. ആഴ്ചകൾക്ക് ശേഷം ആദ്യമായി മനുഷ്യമുഖങ്ങൾ കൺനിറയെ കാണുകയാണ്. ക്യാമ്പിൽ നിന്നിറങ്ങുമ്പോൾ ഞങ്ങൾ പരസ്പരം നോക്കി പുഞ്ചിരിച്ചു. ഒരിക്കലും പറഞ്ഞ് തീർക്കാനാവാത്ത കടപ്പാടുണ്ട്  ആർമി ക്യാമ്പിലെ മെഡിക്കൽ സംഘത്തിനോട്  മനസ്സറിഞ് ബൈ പറഞ്ഞ് ആർമി ബസ്സിൽ എയർപോർട്ടിലേക്ക് യാത്ര തിരിച്ചു. 

കെട്ടഴിച്ച പട്ടം പോലെ മേഘങ്ങളിലൂടെ എന്റെ വിമാനം പറന്നു നടന്നു, മുംബൈ വഴിയായിരുന്നു യാത്ര. രാത്രി 

10.30 നാണ് കോഴിക്കോട് എയർപോർട്ടിൽ ഇറങ്ങിയത്. ഡൽഹി എയർപോർട്ടിൽ ഇല്ലാത്ത വിധം ചെക്കിംഗ് സംവിധാനങ്ങൾ കാലിക്കറ്റിൽ ഉണ്ടായിരുന്നു ക്ലിയറൻസ് ലഭിക്കാൻ കുറച്ചു സമയമെടുത്തു. അവസാന പരിശോധനക്ക് ശേഷം ഡോക്ടർമാർ വിധിയെഴുതി, ഒരു 14 ദിവസം കൂടി നിന്നെ ഏകാന്ത  വാസത്തിന് വിധിച്ചിരിക്കുന്നു എന്ന്. 

എയർപോർട്ടിൽ നിന്നും എളാപ്പയോടൊപ്പം വരുന്നവഴിക്ക് ഉമ്മയോട് തറവാട് വീട്ടിലേക്ക്  മാറിതാമസിക്കാൻ ആവശ്യപ്പെട്ടു.  ഒരുമണി കഴിഞ്ഞാണ്  വീടിന്റെ മുറ്റത്ത് വണ്ടിയെത്തിയത്. നിറ കണ്ണുകളിൽ ഉമ്മയേയും രണ്ട് പെങ്ങന്മാരെയും അവ്യക്തമായി കണ്ടു. ഒന്ന് കെട്ടിപ്പിടിച്ച് കരയാൻ മനസ്സ് ഏറെ കൊതിച്ചെങ്കിലും നിയന്ത്രണം വിടുമെന്നായപ്പോൾ നേരെ റൂമിലേക്ക് ഓടിക്കയറി വാതിൽ കുറ്റിയിട്ടു. നീറുന്ന മനസ്സുമായി ജനലിലൂടെ ഉമ്മയെ പലവട്ടം നോക്കി പിന്നെ കട്ടിലിൽ നീണ്ടുനിവർന്ന് സമാധാനമായി കുറച്ചുസമയം കിടന്നു. ഒരു ഡെറ്റോൾ കുളിക്ക് ശേഷം കണ്ണീരിന്റ ഉപ്പുരസമുള്ള ആ ചോറ് മുഴുവൻ കഴിച്ചു.  

പുലർച്ചെ വെളിച്ചമെത്തും മുമ്പേ ഉമ്മ ജനലിനടുത്തെത്തി, കയ്യിൽ അപ്പവും കറിയുമുണ്ട്. ഭക്ഷണം പുറത്തു വെക്കാൻ പറഞ്ഞു, ഉമ്മ തയ്യാറായിരുന്നില്ല വാശിപിടിച്ച് അവിടെവച്ച് പോകാൻ പറഞ്ഞു, ഉമ്മ പോയി എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമാണ് ആ ഭക്ഷണം എടുത്ത് കഴിച്ചത്.


എന്റെ സ്വാതന്ത്രങ്ങളുടെ സ്വയം തടവറയിൽ ഇനിയും ഞാൻ അഞ്ചു ദിനങ്ങൾ കഴിയേണ്ടതുണ്ട്, ക്ഷമയുണ്ട് എന്റെ ആകാശങ്ങൾ പുറത്ത് കാത്തിരിപ്പുണ്ട്.



(ചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാന നഗരമായ വുഹാനിനടുത്ത് ഷാനിങ്ങിലുള്ള ഹുബെയ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് കാളികാവ് പുറ്റമണ്ണ സ്വദേശിയായ പോക്കാവിൽ ജാബിറിന്റെ മകൻ മുഹമ്മദ് മുസ്താഖ്).

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

                 ഈ സ്വപ്ന മൈതാനം ഇനി ഞങ്ങൾക്ക് സ്വന്തം --- ഈ കുറിപ്പ് ഹൃദയത്തിൽ നിന്നാണ്.... ഞങ്ങളിന്നലെ ഒരു ഗ്രൗണ്ട് വാങ്ങി --- സ്വന്തമായി ഒരു മൈതാനമില്ലാത്തതിൻ്റെ പ്രയാസം എത്രയെന്ന് ആ നാട്ടിലെ യുവ തലമുറയ്ക്കല്ലാതെ മറ്റാർക്കും പെട്ടെന്ന് മനസ്സിലാവില്ല അതു പോലെ അത് ലഭിക്കുമ്പോഴുള്ള മധുരം എത്രയെന്നതും...  കൃത്യം 12 മാസങ്ങള്‍ക്ക് മുമ്പ് പുറ്റമണ്ണയിലെ യുവാക്കളും കുട്ടികളുമടങ്ങുന്ന ആ ചെറു സംഘം ഒരു ഇരിപ്പ് ഇരുന്നിട്ടുണ്ട്, രക്ഷാധികാരി ബൈജു എന്ന സിനിമയിലെ ക്ലൈമാക്‌സ് പോലെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട അവസാനത്തെ ഇടവും കൺമുന്നിൽ നഷ്ടപ്പെട്ട വേദനയിലുള്ള അതേ ഇരിപ്പ്. പതിറ്റാണ്ടുകളോളം ഗ്രൗണ്ടുകളായി ഉപയോഗിച്ച് പോന്നിരുന്ന കളിസ്ഥലങ്ങൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. വൈകുന്നേരങ്ങളില്‍ ഒരുമിച്ചിരുന്ന് തങ്ങളുണ്ടാക്കിയ ഐക്യവും സ്‌നേഹവും വീറും വെല്ലുവിളികളും എല്ലാം അപകടത്തിലാണ്.  മനസ്സിൽ മൈതാന ഓർമ്മകൾ തീവണ്ടി ബോഗികൾ പോലെ പല വേഗത്തിൽ മിന്നിക്കൊണ്ടിരുന്നു, സ്വന്തമായി പത്രങ്ങൾ പോലും ഇറക്കിയിരുന്ന  പി.പി.എൽ സീസണുകൾ... ആഘോഷമായി നടത്തിയ  ക്ലബ്ബ...